A D 345 ൽ മെസപ്പൊട്ടേമിയയിൽ നിന്ന് മാർ ക്നായി തോമായുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിയ 72 കുടുംബങ്ങളാണ് കേരളത്തിൽ ക്നാനായ സമൂഹത്തിന് ആധാരശിലയായത്. ക്നാനായാസമുദായത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ കുടിയേറ്റം ദുർബലമായിക്കൊണ്ടിരുന്ന കേരളത്തിലെ ക്രിസ്തുമതത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
കേരളവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന മാർ ക്നായ് തൊമ്മന് അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാളുമായുള്ള ബന്ധങ്ങൾ കേരളത്തിൽ ക്രിസ്തുമതത്തെ ശക്തിപ്പെടുത്താൻ ഉതകും എന്ന് തിരിച്ചറിഞ്ഞ പൗരസ്ത്യ സഭാ തലവൻ കാതോലിക്കോസ് ബാവായുടെ നിർദേശാനുസരണം ആണ് മാർ ക്നായി തൊമ്മൻ, ബിഷപ്പ് ഉർഹ മാർ യൂസഫും ഏതാനും പുരോഹിതരും അടങ്ങുന്ന സംഘത്തെ നയിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണിൽ കാൽകുത്തിയത് എന്ന് കരുതപ്പെടുന്നു.
ഇസ്രായേലിലെ 7 ഗോത്രങ്ങളിൽ നിന്നുള്ള 72 കുടുംബങ്ങൾ (ബാഗി, ബെൽക്കുത്ത്, ഹാഡി, കുജാലിഗ്, കൊജ, മുഗ്മുത്ത്, തെഗ്മുത്ത്) ആയിരുന്നു ആ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.
തന്റെ ദേശത്തേക്ക് എത്തിയ കുടിയേറ്റക്കാരെ സമാനതകൾ ഇല്ലാത്ത ആദരം നൽകിയാണ് ചേരമാൻ പെരുമാൾ സ്വീകരിച്ചത്. ദാവീദ് രാജാവിന്റെ വംശപാരമ്പരയിൽ പെട്ട മാർ ക്നായി തൊമ്മനും കൂട്ടർക്കും തന്റെ രാജ്യത്ത് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അവർക്ക് അധിവസിക്കാൻ കൊടുങ്ങല്ലൂരിന്റെ തെക്കുഭാഗത്തെ ചില പ്രദേശങ്ങൾ നൽകിയതിന് പുറമെ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങൾ തന്റെ അതിഥികളുടെ ജീവിതത്തെ ബാധിക്കാതെ ഇരിക്കാനും അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനും 72 പ്രത്യേക അവകാശങ്ങൾ ഒരു ചെമ്പു തകിടിൽ രേഖപ്പെടുത്തി അദ്ദേഹം ക്നായി തൊമ്മന് സമ്മാനിച്ചു.
തദ്ദേശീയരുമായി സഹവർത്തിത്വം പുലർത്തി ജീവിക്കുമ്പോൾ തന്നെ "ബന്ധങ്ങൾ കൈവിടാതോർക്കണം എപ്പോഴും" എന്ന കാരണവന്മാരുടെ നിർദേശം ശിരസ്സാവഹിച്ചുകൊണ്ട് സ്വവംശ വിവാഹനിഷ്‌ഠ കർശനമായി പാലിച്ചുകൊണ്ടുള്ള ജീവിതക്രമമാണ് ക്നാനായ സമൂഹം എന്നും പുലർത്തിപ്പോന്നത്.
കുടിയേറ്റത്തോടുള്ള അഭിനിവേശം രക്തത്തിൽ അലിഞ്ഞുചേർന്ന സമുദായ അംഗങ്ങൾ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറിയപ്പോഴും ക്നാനായ പാരമ്പര്യത്തിന്റെ ദീപനാളം അണയാതെ ഹ്രദയത്തിൽ സൂക്ഷിക്കുന്നു.
പോർച്ചുഗീസ് അധിനിവേശം
1498 ഇൽ കോഴിക്കോട് കപ്പൽ ഇറങ്ങിയ വാസ്കോഡഗാമയെ തുടർന്നെത്തിയ പോർച്ചുഗീസ് അധിനിവേശം, സിറിയ ആസ്ഥാനമായ പൗരസ്ത്യ ആരാധനക്രമം അനുവർത്തിച്ചു പോന്ന ക്നാനായ സമൂഹത്തിന്റെ വിശ്വാസ ജീവിതത്തിലും കടന്നുകയറാൻ തുടങ്ങിയതോടെ സമുദായത്തിലെ ഭൂരിഭാഗം ആളുകളും കൊടുങ്ങല്ലൂർ വിട്ട് മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി (ഉദയംപൂരൂർ, കടുത്തുരുത്തി, കോട്ടയം, ചുങ്കം, കല്ലിശ്ശേരി). എന്നാൽ പിൽക്കാലത്ത് പോർച്ചുഗീസുകാർ കൊച്ചി രാജ്യത്തിന്റെ ഭരണത്തിൽ പിടിമുറുക്കിയതോടെ ക്നാനായ സമുദായത്തെ പാശ്ചാത്യ സഭയുടെ കീഴിൽ കൊണ്ടുവന്നു. അതിൽ അതൃപ്തരായിരുന്ന ക്നാനായക്കാർ അടക്കമുള്ള ഒരു വിഭാഗം ക്രിസ്ത്യാനികൾ പൗരസ്ത്യ സഭയിൽ തുടരാനുള്ള ശ്രമങ്ങൾ നടത്തി.
കൂനൻ കുരിശ് സത്യം
പൗരസ്ത്യ സഭയിൽ നിന്ന് ഒരു മെട്രോപൊളിറ്റൻ [എപ്പിസ്കോപ്പൽ പോളിറ്റി ഉള്ള സഭാസംവിധാനങ്ങളിൽ(പൗരസ്ത്യ സഭകളിൽ) ബിഷപ്പ് അല്ലെങ്കിൽ ആർച്ച് ബിഷപ്പിന് തുല്യമായ പദവി ആണ് മെട്രോപൊളിറ്റൻ] ലഭിക്കുന്നത് തടയാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞു. അവർ കിഴക്കൻ / സിറിയൻ സഭയിൽ നിന്നുള്ള പ്രതിനിധിയായ മാർ ഇഗ്നാത്തിയൂസ് അഹാത്തുള്ള ബാവയെ വധിച്ചതായി ഒരു കിംവദന്തി പ്രചരിക്കുകയും ചെയ്തു. ഇതും ലാറ്റിനൈസേഷന്റെ മറ്റ് അസംതൃപ്തിയും ആയിരക്കണക്കിന് സ്വദേശികളായ മാർത്തോമാ ക്രിസ്ത്യാനികളെയും , ക്നാനായ സമുദായ അംഗങ്ങളെയും ക്ഷുഭിതരാക്കി.
അവർ 1653 ജനുവരി 3 ന് മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ അർക്കാഡിയോകൻ തോമസിന്റെയും ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും നേതൃത്വത്തിൽ ഒത്തുകൂടി. എല്ലാവർക്കും പള്ളിയുടെ മുൻപിൽ കൽകുരിശിൽ തൊടാൻ കഴിയാത്തതിനാൽ, അവർ കുരിശിന് ചുറ്റും ഒരു വലിയ കയർ ഇട്ട് , ആ കയർ പിടിച്ച് “‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല " എന്ന് ശപഥം ചെയ്തു. പ്രതിജ്ഞയിൽ പങ്കെടുത്ത ആളുകളുടെ വലിയുടെ ശക്തിയാൽ കുരിശിന് സ്ഥാനചലനം ഉണ്ടാവുകയും അത് ചരിയുകയും ചെയ്തു. ഇക്കാരണത്താൽ ഈ സംഭവം “കൂനൻ കുരിസു സത്യം" എന്ന് അറിയപ്പെട്ടു.
ഒരു സമുദായം; ഭിന്ന സഭാ നേതൃത്വo
ഈ സംഭവത്തോടെ, ക്നാനായ ജനങ്ങളിൽ ഒരു ഭാഗം സിറിയൻ സഭയുടെ ഭരണത്തിൻ കീഴിലായി, അവരെ ക്നാനായ യാക്കോബായ സമൂഹം എന്ന് വിളിക്കുന്നു. എന്നാൽ റോമൻ മാർപ്പാപ്പയുടെ ഭരണത്തിൻ കീഴിൽ തുടർന്ന മറ്റുള്ളവരെ ക്നാനായ കത്തോലിക്കർ എന്ന് വിളിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളും സ്വവംശ വിവാഹ നിഷ്ഠയിൽ അധിഷ്ഠിതമായ ജീവിതരീതിയാണ് അനുവർത്തിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ വിഭിന്ന സരണികളിലൂടെ ആണ് ചരിക്കുന്നത് എങ്കിലും ഇവർ തമ്മിലുള്ള വിവാഹബന്ധം സ്വവംശ വിവാഹ നിഷ്‌ഠക്ക് തടസ്സം ആവുന്നില്ല. അതുകൊണ്ടുതന്നെ ഇരുകൂട്ടരും ക്നാനായ സമുദായത്തിന്റെ ഭാഗമായി തുടരുന്നു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അല്ലെങ്കിൽ യാക്കോബായ സിറിയൻ ക്രിസ്ത്യൻ ചർച്, ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഇന്ത്യയിലെ ഒരു ക്രൈസ്തവ സഭയാണ്. ഈ സഭയുടെ ആത്മീയ നേതൃത്വം അംഗീകരിക്കുന്ന, ചിങ്ങവനം അതിഭദ്രാസനം ആസ്ഥാനമായ, സ്വയംഭരണാവകാശമുള്ള, ക്നാനായ സമുദായക്കാർ മാത്രം ഉൾപ്പെട്ട വിഭാഗമാണ് ക്‌നാനായ യാക്കോബായക്കാർ.
മലങ്കര യാക്കോബായ സഭയിലെ ക്നാനായ സമുദായക്കാർക്കായി 1910-ൽ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ എന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് സ്ഥാപിച്ചതാണ് മലങ്കര സുറിയാനി ഭദ്രാസനം. സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങൾ ആണെങ്കിലും അതിഭദ്രാസത്തിലെ അംഗങ്ങൾ സ്വസമുദായത്തിൽ നിന്ന് മാത്രം വിവാഹം ചെയ്യുന്നു . ചിങ്ങവനം മോർ അഫ്രേം സെമിനാരിയാണ് അതിഭദ്രാസനത്തിന്റെ ആസ്ഥാനം. കാതോലിക്കയ്ക്ക് കീഴിലെങ്കിലും സ്വയംഭരണാവകാശമുള്ള ഈ അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷൻ ഇടവഴിക്കൽ കുരിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ്. സമുദായ മെത്രാപ്പോലിത്ത എന്ന സ്ഥാനനാമത്തിലുള്ള ഇദ്ദേഹത്തിനു കീഴിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലും വിദേശത്തുമായി (അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ) ചിതറിപ്പാർക്കുന്ന ക്നാനായ യാക്കോബായ സമുദായത്തിന് വേണ്ടി മറ്റ് മുന്ന് മെത്രാപ്പൊലീത്തമാർ കൂടീയുണ്ട്. ഇവർ നാലുപേരും യാക്കോബായ സുറിയാനി സഭയുടേ സുന്നഹദോസ് അംഗങ്ങൾ ആണ്.
1920-ൽ ക്നാനായ യാക്കോബായുടെ ഒരു ഭാഗം ഭൂരിപക്ഷ വിഭാഗമായ ക്നാനായ കത്തോലിക്കരോടൊപ്പം ചേർന്നു. അവരെ ക്നാനായ മലങ്കര കത്തോലിക്കർ എന്ന് വിളിക്കുന്നു.
കോട്ടയം രൂപതയുടെ സ്ഥാപനം
റോമൻ കത്തോലിക്കാ ഭരണം സ്ഥാപിതമായതു മുതൽ ക്നാനായ കത്തോലിക്കാ സമൂഹം സ്വദേശികളായ മാർത്തോമാ സമൂഹവുമായി പല പള്ളികളും പങ്കിട്ടു. ഇത് ഈ രണ്ട് സമുദായങ്ങൾക്കിടയിൽ പിരിമുറുക്കം സൃഷ്ടിച്ചു, കാലക്രമേണ ഇരുപക്ഷത്തും അംഗസംഘ്യ വർദ്ധിച്ചതോടെ ഇരുപക്ഷത്തിന്റെ വികാരങ്ങളെയും സമന്വയിപ്പികൊണ്ടുള്ള ഭരണനിർവഹണം ദുഷ്കരമായിത്തീർന്നു. ഇരുസമുദായങ്ങളും തമ്മിൽ ഉള്ള കലഹത്തിലേക്ക് വഴിതെളിക്കാതെ ഈ വിഷയം പരിഹരിക്കണം എന്നുള്ള ഇരുപക്ഷത്തിന്റെയും അഭ്യർത്ഥന മാനിച്ച് ക്നാനായ സമുദായത്തിന്റെ വ്യതിരിക്തമായ സാംസ്‌കാരിക പാരമ്പര്യം കണക്കിലെടുത്ത് 1911 ഇൽ വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചു. ആ വികാരിയാത്ത് വളർന്ന് ലോകമെങ്ങുമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ മതാധിഷ്ടിത ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ന് നിലകൊള്ളുന്നു.
നിലവിലുള്ള അവസ്ഥ
കുടിയേറ്റം രക്തത്തിൽ അലിഞ്ഞുചേർന്ന ക്നാനായജനത, ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പല കാലഘട്ടങ്ങളിൽ ചേക്കേറി. പുത്തൻ അവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും പലരെയും അവിടങ്ങളിൽ സ്ഥിരതാമസമാക്കാൻ പ്രേരിപ്പിച്ചു. കേരളത്തിൽ മാത്രമായി ക്നാനായ മെത്രാന്റെ അധികാരപരിധി പരിമിതപ്പെടുത്തിയിരിക്കുന്നതുകൊണ്ട് പല രാജ്യങ്ങളിലും സിറോ-മലബാർ രൂപതയുടെ ആത്മീയനേതൃത്വം ക്നാനായ ജനത അംഗീകരിക്കേണ്ടിവന്നു.
ക്നാനായ കത്തോലിക്കാ സമുദായത്തിനായി ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ പ്രത്യേക പള്ളികൾ അനുവദിച്ചിട്ടുണ്ടെങ്കിലും, ക്നാനായേതര രൂപതയിൽ തുടരാൻ ക്നാനായ സമുദായ അംഗങ്ങൾ വൈമുഘ്യം പ്രകടിപ്പിക്കുന്നതായി കണ്ടു വരുന്നു. സമൂഹത്തെ മുഴുവൻ ഒരേ കുടക്കീഴിൽ ഒന്നിപ്പിച്ചുനിർത്തുന്നതിന് നിരവധി അല്‌മായ സംഘടനകൾ രൂപീകൃതമായിട്ടുണ്ട്. കഴിഞ്ഞ 1700 വർഷമായി ക്നാനായ സമൂഹം പാലിച്ചുപോരുന്ന സ്വവംശ വിവാഹ നിഷ്ഠയിൽ അധിഷ്ഠിതമായ ജീവിതക്രമവും തനതായ ആചാരങ്ങളും പാലിക്കുന്ന ഈ സമുദായം അനതിസാധാരണമാണ്. 17 നൂറ്റാണ്ടിലേറെയായി തങ്ങളുടെതായ ആചാരങ്ങളും പൈത്രകങ്ങളും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ക്നാനായ സമുദായം ഇന്ന് പല വിധമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഈ സമുദായത്തിന്റെ നിലനിൽപ്പ് അതിന്റെ വേരുകളിൽ ആണ്. ലോകത്ത് എവിടെ ആയിരുന്നാലും തങ്ങളുടെ പിതാമഹന്മാരുടെ വേരുകൾ അറിയാനും അത് മുറിയാതെ വരും തലമുറകളിലേക്ക് എത്തിക്കാനും ഉള്ള ശ്രമമാണ് “KnanayaCommunity.org”.
കൈപിടിത്തം
ഒത്തുകല്യാണം നടക്കുന്ന വേളയിൽ വധുവിന്റെയും വരന്റെയും പിതൃസഹോദരന്മാർ കൈകൊടുത്ത് പുരോഹിതന്റെ ആശീർവാദത്തോടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ്. ക്നാനായ പാരമ്പര്യം അനുസരിച്ച് വിവാഹം, രണ്ടു വ്യക്തികൾ ഒരുമിക്കുന്നതോടൊപ്പം രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധo കൂടിയാണ് എന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ ആചാരം.
കോൽ വിളക്ക്
മൈലാഞ്ചി ഇടൽ, ചന്തം ചാർത്തൽ ചടങ്ങുകളിൽ കോൽ വിളക്ക് ക്രിസ്തു സാന്നിധ്യത്തിന്റെ പ്രതീകമായി ഉപയോഗിച്ച് വരുന്നു.
ചന്തം ചാർത്തൽ
വിവാഹത്തിന്റെ തലേദിവസം, വരനെ വേദിയിൽ വച്ച് ക്ഷൗരം ചെയ്യുകയും എണ്ണ തേപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപുവരെ വളരെ ചെറുപ്പത്തിൽത്തന്നെ വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്ന സാമൂഹിക അന്തരീക്ഷം ആയിരുന്നു നിലനിന്നിരുന്നത്. സ്വാഭാവികമായി അക്കാലത്ത് കൗമാരം വിട്ടുമാറാത്ത വരന് ആത്മവിശ്വാസം നൽകാൻ ആയിരിക്കണം ഈ ആചാരം. ജീവിതത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്ന വരനെ ഒരു മുതിർന്ന പുരുഷനായി ബന്ധുമിത്രാദികൾ അംഗീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു ഈ ചടങ്ങിലൂടെ.
മൈലാഞ്ചി ഇടൽ
വിവാഹത്തിന്റെ തലേന്ന് “മൈലാഞ്ചി” ചെടിയുടെ ഇല അരച്ച് വധുവിന്റെ കൈപ്പത്തികളും കാൽപ്പാദങ്ങളും അലങ്കരിക്കുന്നു. ഏദൻ തോട്ടത്തിൽ നിന്ന് പാപത്തിന്റെ ഫലം പറിച്ച ഹവ്വയേയും ആ പാപത്തിന്റെ പരിണിതഫലത്തെയും വധുവിനെ ഓർമ്മിപ്പിക്കുന്നതിന് ആവണം ഈ ചടങ്ങ്.
ഇച്ഛപ്പാട് കൊടുക്കൽ
വരനും വധുവിനും പിതൃസഹോദരന്മാർ വേദിയിൽവച്ച് പാച്ചോറോ അതുപോലെ മധുരമുള്ള ഭക്ഷണമോ നൽകുന്ന ചടങ്ങ്. (ഇച്ഛ എന്നാൽ ഇഷ്ടം എന്നർത്ഥം. ഇഷ്ടം പ്രകടിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തി). കുട്ടിക്കാലത്ത് പിതാവിനെപ്പോലെ തന്നെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയ പിതൃസഹോദരന്മാരെ ആദരിക്കുന്നതിനും അവർക്ക് വധൂവരന്മാരോട് ഉള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും ആണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുൻപ്, ചെറുപ്പത്തിൽ എത്രയോ വട്ടം തങ്ങളെ ഊട്ടിയ ആ കൈകളിൽനിന്ന് വധൂവരന്മാർ ഒരിക്കൽ കൂടി ഭക്ഷണം സ്വീകരിക്കുന്നത്.
“ബെറു മറിയം” ഗാനം
പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിന്റെ അവസാനം പുരോഹിതന്മാരും അല്‌മായരും ചേർന്ന് യേശുവും അമ്മയായ പരിശുദ്ധ മറിയവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വെളിവാക്കുന്ന സന്ദർഭങ്ങൾ ഗാനരൂപത്തിൽ ആലപിക്കുന്നു.
നട വിളി
വിവാഹത്തിന് ശേഷം പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വധൂവരന്മാരെ മധ്യത്തിൽ നിർത്തി മാതൃസഹോദരന്മാരുടെ നേതൃത്വത്തിൽ "നട നടായെ.... നട" എന്ന് ആർപ്പുവിളിക്കുന്ന ആചാരം. ക്നായിതൊമ്മന് ചേരമാൻ പെരുമാൾ നൽകിയ പൊതുജന മധ്യത്തിൽ ആർപ്പുവിളിക്കാൻ ഉണ്ടായിരുന്ന അവകാശം സമുദായ അംഗങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തത്തിൽ ഇക്കാലത്തും ആചരിച്ചുപോരുന്നു.
വാഴു പിടിത്തം
വധൂവരന്മാർക്ക് ദീർഘായുസ്സും, ദൈവാനുഗ്രഹവും, സൗഭാഗ്യവും നേർന്നുകൊണ്ട് വധുവിന്റെ അമ്മയോ 'അമ്മ ചുമതലപ്പെടുത്തിയ വ്യക്തിയോ അവരുടെ തലയിൽ കുരിശിന്റെ രൂപത്തിൽ കൈകൾ വച്ചുകൊണ്ട് നടത്തുന്ന ആചാരം..
കച്ച തഴുകൽ
വരന്റെ കുടുംബം വിവാഹച്ചടങ്ങിന് എത്തിയ വധുവിന്റെ ബന്ധുക്കൾക്ക് സമ്മാനമായി നൽകിയ വസ്ത്രങ്ങൾ അവർ ഏറ്റുവാങ്ങുകയും ദമ്പതിമാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. (സാധാരണയായി വധുവിന്റെ അമ്മ, മുത്തശ്ശി, അമ്മാവൻ / അമ്മായി എന്നിവർക്ക് ആണ് ഇവ നൽകാറുള്ളത്).
നെല്ലും നീരും
ഓശാന ഞായറാഴ്ച്ച വെഞ്ചരിച്ച കുരുത്തോല ഹാനാൻ വെള്ളത്തിൽ മുക്കി ദമ്പതികളുടെ നെറ്റിയിൽ കുരിശ്ശടയാളം രേഖപ്പെടുത്തുന്നു. വെഞ്ചരിക്കപ്പെട്ട വിശുദ്ധവസ്തുക്കളുടെ സ്പർശനം വഴി ശുദ്ധമായ മനസ്സോടെ ഭവനത്തിലേക്ക് പ്രവേശിക്കുക എന്ന ആശയത്തിൽ നിന്നാവാം ഈ ആചാരം ഉടലെടുത്തത്..
വെണ്പാച്ചോർ
വിവാഹശേഷം നവ ദമ്പതികൾക്ക് ആചാരപരമായി നൽകുന്ന മധുരമുള്ള പാച്ചോർ.
അടച്ചു തുറ
വീട്ടിലെ വിവാഹ ആഘോഷങ്ങളുടെ അവസാനത്തിൽ ദമ്പതികളുടെ അറ (മുറി) അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു.
ഇല്ലപ്പണം
വധുവിന്റെ ഭവനത്തിലേക്ക് വിവാഹശേഷം ആദ്യമായി പോകുന്ന ദമ്പതികൾക്ക് പോകുന്ന വഴിയിൽ പള്ളിയിൽ നേർച്ച ഇടാനുള്ള പണം പിതാവ് നൽകുന്നു. (സാധാരണ ഈ പണം നവവധുവിന്റെ കൈയിലാണ് ഭർതൃപിതാവ് ഏൽപ്പിക്കാറുള്ളത്).
വിവാഹസദ്യ കഴിക്കുമ്പോൾ വാഴയിലയുടെ അഗ്രം മടക്കി വക്കുന്നു
രാജകീയ അത്താഴത്തിന് രണ്ട് വാഴയിലകൾ നൽകി ചേരമാൻ പെരുമാൾ രാജാവ് ക്നായി തൊമ്മനെയും സംഘത്തെയും ബഹുമാനിച്ചുവെന്ന ചരിത്രം ഈ ആചാരത്തിലൂടെ പുതുതലമുറയെ ഓർമ്മിപ്പിക്കുന്നു.
പുരാതന പാട്ടുകൾ (പുരാതന ഗാനങ്ങൾ)
വിവാഹ ചടങ്ങുകളിലും വിശേഷ അവസരങ്ങളിലും സമുദായ അംഗങ്ങൾ ആലപിക്കുന്ന പരമ്പരാഗത ഗാനങ്ങൾ.
വെഞ്ചരിച്ച കരിക്കിൻവെള്ളം പങ്കുവച്ചു കുടിക്കുക
പരേതന്റെ പുത്രന്മാരും പുത്രിമാരും സാഹോദര്യത്തോടെ ജീവിക്കണമെന്ന സന്ദേശം ആയിരിക്കാം ഈ ആചാരത്തിന് പിന്നിൽ.
തഴുകൽ
ശവസംസ്കാരത്തിന് ശേഷം സമുദായ അംഗങ്ങൾ പരേതന്റെ ബന്ധുക്കളെ ആലിംഗനം ചെയ്ത് അനുശോചനം രേഖപ്പെടുത്തുന്നു..